പത്തനംതിട്ട: 2018ലെ മഹാപ്രളയം മനുഷ്യനിർമിതമായിരുന്നെന്നും അന്നു മന്ത്രിയായിരുന്ന മാത്യു ടി. തോമസിന് ഇക്കാര്യത്തിലുള്ള പങ്ക് വെളിപ്പെടുത്തി നിലവിലെ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടും മാത്യു കുഴൽനാടൻ എംഎൽഎ ഉയർത്തിയ ആരോപണം കൊട്ടിക്കലാശ ദിവസം ജില്ലയിലെ മണ്ഡലങ്ങളിൽ യുഡിഎഫിനു ലഭിച്ച പിടിവള്ളിയായി.
തിരുവല്ല, റാന്നി, ആറന്മുള മണ്ഡലങ്ങളിൽ ഇന്നലത്തെ മറ്റു പ്രചാരണപരിപാടികൾ മാറ്റിവച്ച് യുഡിഎഫ് സ്ഥാനാർഥികൾ സത്യഗ്രഹം ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തി.
മാത്യു കുഴൽനാടന്റെ ആരോപണവും മന്ത്രി കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയും പുറത്തുവന്നതിനു പിന്നാലെ ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികൾ വിഷയം ഏറ്റെടുത്തു. മണ്ഡലത്തിലുടനീളം നടത്തേണ്ടിയിരുന്ന കൊട്ടിക്കലാശ യാത്രകൾപോലും വേണ്ടെന്നുവച്ച് മണ്ഡലകേന്ദ്രങ്ങളിൽ സ്ഥാനാർഥികൾ സത്യഗ്രഹപരിപാടികളുമായി രംഗത്തിറങ്ങി.
മഹാപ്രളയത്തിന്റെ നഷ്ടം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ റാന്നിയിലായിരുന്നു പ്രധാന സമരവേദി. പിന്നാലെ തിരുവല്ലയിലും പത്തനംതിട്ടയിലും യുഡിഎഫ് സ്ഥാനാർഥികൾ സത്യഗ്രഹം പ്രഖ്യാപിച്ചു. മന്ത്രി മാത്യു ടി. തോമസ് എൽഡിഎഫ് സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുന്ന തിരുവല്ലയിൽ സമരത്തിനൊപ്പം പ്രകടനങ്ങളും പ്രതിഷേധങ്ങളും അരങ്ങേറി.
ആറന്മുള മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ രണ്ടു മണിക്കൂർ സത്യഗ്രഹം നടത്തി. തുടർന്നാണ് കലാശക്കൊട്ടിനായി പ്രവർത്തകർക്കൊപ്പം പങ്കുചേർന്നത്.
റാന്നിയിൽ മണ്ഡല പര്യടനം ഒഴിവാക്കി സത്യഗ്രഹം
പ്രളയം സൃഷ്ടിച്ച് 2018ൽ റാന്നിയെ മുക്കിക്കൊന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് സ്ഥാനാർഥി പഴകുളം മധുവിന്റെ നേതൃത്വത്തിൽ റാന്നിയിൽ സത്യഗ്രഹ സമരം സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പു പ്രചാരണ സമാപനത്തിൽ മണ്ഡലം ചുറ്റിയുള്ള കലാശക്കൊട്ട് ഒഴിവാക്കിയാണ് റാന്നി ഇട്ടിയപ്പാറയിൽ രാവിലെമുതൽ സത്യഗ്രഹം സംഘടിപ്പിച്ചത്.
ഇട്ടിയപ്പാറയിൽ സംഘടിപ്പിച്ച സത്യഗ്രഹസമരം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. എഐസിസി നിരീക്ഷകൻ അജയ് സിംഗ്, ചാണ്ടി ഉമ്മൻ എംഎൽഎ, റിങ്കു ചെറിയാൻ, സനോജ് മേമന, കെ. ജയവർമ, ലാലു ജോൺ, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, സമദ് മേപ്രത്ത്, കാട്ടൂർ അബ്ദുൾ സലാം, സിബി താഴത്തില്ലത്ത്, സതീഷ് ബാബു, രാജീവ് താമരപള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവല്ലയിൽ ധർണ
മനുഷ്യനിർമിത പ്രളയമാണു 2018ൽ കേരളത്തെ വിഴുങ്ങിയതെന്നും കരിമണൽ ലോബിക്കുവേണ്ടി അന്ന് ജലസേചനമന്ത്രിയായ മാത്യു ടി. തോമസ് അഴിമതി നടത്തിയെന്നും സ്വന്തം പാർട്ടി അംഗമായ മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞ സ്ഥിതിയിൽ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല എസ്സിഎസ് ജംഗ്ഷനിൽ ധർണ നടത്തി.
കെപിസിസി കോർ കമ്മിറ്റി അംഗം പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. കരിമണൽ ഒഴുകിപ്പോകാതെ സംരക്ഷിക്കാൻ കോടികളുടെ അഴിമതിയാണു നടന്നതെന്ന് പി.ജെ. കുര്യൻ പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ് അധ്യക്ഷത വഹിച്ചു.